പ്രമാടം


ത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന 7.1 ചതുരശ്രകിലോമീറ്റർ വിസ്തീര്‍ണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പ്രമാടം.മലകളാലും കോട്ടകളാലും ചുറ്റപ്പെട്ട പണ്ടുകാലത്ത് മലങ്കോട്ടയം (വള്ളിക്കാട് രൂപാന്തരം പ്രാപിച്ചതുമാകാം) എന്ന് അറിയപ്പെട്ട പ്രദേശം ഇന്ന് വള്ളിക്കോട്-കോട്ടയം വില്ലേജായി പ്രമാടം പഞ്ചായത്തിലുള്‍പ്പെട്ടിരിക്കുന്നു. കൊല്ലിനും, കൊലയ്ക്കും അധികാരമുണ്ടായിരുന്ന മേല്‍ജാതിജന്മിമാരുടെ കാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്ന കൊലപ്പാറ ഇന്നുമുണ്ട്. സര്‍പ്പങ്ങളുടെ വിഹാരരംഗമായിരുന്ന ഈ സ്ഥലം ഇന്നും നാട്ടുകാരുടെ പേടിസ്വപ്നമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം വരെ കൃഷിക്കാര്യങ്ങളില്‍ യാതൊരു ശാസ്ത്രീയസമീപനവും ഇല്ലായിരുന്നു. ചാണകവും ചാമ്പലുമാണ് വളമായി ഉപയോഗിച്ചിരുന്നത്. ഏലാമുഖത്തുള്ള കുളങ്ങളില്‍ നിന്നും വെള്ളം യഥേഷ്ടം ലഭിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇവിടെ വന്നു പാര്‍ത്തിരുന്നതായി പറയപ്പെടുന്നുണ്ട്. വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിനുശേഷം ഇംഗ്ളീഷുകാര്‍ക്ക് പിടികൊടുക്കാതെ സഞ്ചരിച്ചിരുന്ന കാലത്ത് ഇവിടെയുള്ള നേന്ത്രപ്പള്ളില്‍ വീട്ടില്‍ വന്നു താമസിച്ചിരുന്നതായി രേഖകളുണ്ട്. അദ്ദേഹത്തിന്റേതെന്ന് വിശ്വസിക്കുന്ന ഒരു വാള്‍ ഇവിടെ ഇപ്പോഴും സൂക്ഷിക്കപ്പെടുന്നുണ്ട്. പ്രസിദ്ധന്മാരായ ആയൂര്‍വേദാചാര്യന്മാരും അവരുടെ ജന്മംകൊണ്ട് ഈ നാടിനെ അനുഗ്രഹിച്ചിട്ടുണ്ട്. മുരുപ്പേല്‍ വൈദ്യന്‍ എന്നറിയപ്പെടുന്ന ഉതി നില്‍ക്കുന്നതില്‍ നാരായണന്‍ ഇവരിലൊരാളായിരുന്നു. പുതിയ ഭൂപരിഷ്ക്കരണ നിയമം ഇവിടുത്തെ ഭൂരിപക്ഷം കുടികിടപ്പുകാര്‍ക്കും ഭൂമി ലഭിക്കുന്നതിന് വഴിയൊരുക്കി. ഭൂബന്ധങ്ങളില്‍ വന്ന മാറ്റം സാധാരണജനങ്ങളിലും മാറ്റങ്ങളുണ്ടാക്കി. ദൂരദേശങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ തങ്ങളുടെ കിടക്കാടം വിറ്റ് ഇവിടെ വന്ന് കൃഷിഭൂമി സ്വന്തമാക്കി. ഭൂപരിഷ്ക്കരണനിയമത്തിലൂടെ ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് ഭൂമി ലഭിച്ചത് ജീവിതപുരോഗതിയുടെ ഒരു പ്രധാനഘടകമായി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടുത്തടുത്ത് സ്ഥാപിതമായതോടെ ഗ്രാമീണര്‍ കുട്ടികളെ സ്ക്കൂളിലയക്കുകയും കുട്ടികളുടെ ക്രമമായ ദിനചര്യകള്‍ക്കനുസരിച്ച് മാതാപിതാക്കളുടെ ശീലങ്ങള്‍ക്കു മാറ്റം വരുകയും ചെയ്തു. ളാക്കൂര്‍ പ്രദേശത്ത് ആദ്യമായി ഒരു നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത് രാമന്‍കുഴി മേലേതില്‍ കൊച്ചുകുഞ്ഞുകൈമള്‍ ആയിരുന്നു. 1950-കളുടെ ആദ്യകാലംവരെ ഇവിടെ എല്ലാ ഭക്ഷ്യവിളകളും ഒപ്പം നാണ്യവിളകളായ കുരുമുളക്, ഇഞ്ചി, കമുക് മുതലായവയും മാവ്, പ്ളാവ്, തെങ്ങ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മുതലായവും കൃഷി ചെയ്തിരുന്നു.  പ്രമാടം ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികമേഖലയാണ്. ജനസംഖ്യയുടെ 80%-വും കൃഷിയും കാര്‍ഷികാനുബന്ധമായ തൊഴിലുകളും ചെയ്യുന്നവരാണ്. വന്‍കിടകൃഷിക്കാര്‍ നാമമാത്രമാണ്. 1930-കള്‍ വരെ ഈ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തരിശായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും വന്ന ആളുകള്‍ ഭൂമി കൈവശപ്പെടുത്തി പട്ടയം വാങ്ങി കൃഷി ചെയ്യുകയായിരുന്നു. നാമമാത്രകര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമിയിലെ വരുമാനം കുറഞ്ഞപ്പോള്‍ ആകര്‍ഷകങ്ങളായ മറ്റു മേഖലകളിലേക്ക് ചേക്കേറി. ഈ സാഹചര്യത്തില്‍ കാര്‍ഷികവിളകളിലും മാറ്റമുണ്ടായി. 1960-കളുടെ പകുതിവരെ കൃഷിയോടൊപ്പം മൃഗസംരക്ഷണവും പ്രധാനപ്പെട്ട തൊഴിലും ജീവിതമാര്‍ഗ്ഗവും ആയിരുന്നു. പ്രധാനപ്പെട്ട കൃഷി നെല്ലായിരുന്ന അക്കാലത്ത് കൃഷിഭൂമി സ്വന്തമായുണ്ടായിരുന്ന എല്ലാ കുടുംബങ്ങളിലും ഉഴവുകാളകളുമുണ്ടായിരുന്നു. അതുപോലെ കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും പശുക്കളേയും ആടുകളേയും കോഴികളേയും വളര്‍ത്തിയിരുന്നു. ഗതാഗതസൌകര്യം കുറവായിരുന്ന അക്കാലത്ത് വണ്ടിക്കാളകളെ ധാരാളമായി വളര്‍ത്തുകയും അതുമൂലം ഉപജീവനം കഴിക്കുകയും ചെയ്തിരുന്നവരുമുണ്ടായിരുന്നൂ. പത്തനാപുരം, പറക്കോട്, ചാരുംമൂട്, ഓമല്ലൂര്‍ മുതലായ വളരെ അകലെയുള്ള ചന്തകളിലാണ് ആദ്യകാലത്ത് ഈ പ്രദേശത്തെ കര്‍ഷകര്‍ കന്നുകാലിവിപണനം നടത്തിയിരുന്നത്. ഏതാണ്ട് 1935 വരെ ഈ പ്രദേശത്തെ ഇരുപതു ശതമാനത്തില്‍ താഴെ മാത്രം വരുന്ന സമതലപ്രദേശങ്ങളിലെ (പ്രമാടം, വെട്ടൂര്‍, ഇളകൊള്ളൂര്‍ മണ്ണുംഭാഗം, കോട്ടയം, വകയാര്‍ തുടങ്ങിയവ) വാസയോഗ്യമായ വലിയവീടുകളില്‍ ജന്മിമാരും മറ്റും താമസിച്ചിരുന്നപ്പോള്‍ കര്‍ഷകത്തൊഴിലാളികളും ദുര്‍ബലവിഭാഗത്തില്‍ പെട്ടവരും കാട്ടുകമ്പുകളും, കല്ല്, മണ്ണ്, മുള മുതലായവ ഉപയോഗിച്ചുണ്ടാക്കിയിരുന്ന കുടിലുകളിലായിരുന്നു താമസിച്ചിരുന്നത്. 1960-കള്‍ വരെ ചികില്‍സാരംഗത്ത് ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രധാനമായും നാട്ടുവൈദ്യന്മാരുടെ സേവനമാണ് ലഭിച്ചിരുന്നത്. ഏറ്റവും അടുത്തുണ്ടായിരുന്ന പ്രാഥമികാരാഗ്യകേന്ദ്രം കോന്നിയിലായിരുന്നു. നാട്ടുകാര്‍ അതിനെ ധര്‍മ്മാശുപത്രി എന്ന് വിളിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പ്രമാടം വേലന്‍കടവ് കടന്ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്ക്കൂളിലേക്കോ, ചുട്ടിപ്പാറ ഹൈസ്ക്കൂളിലേക്കോ പോകേണ്ടിയിരുന്നു. കൊളോണിയല്‍ ഭരണത്തില്‍ നിന്നും മോചിതമാകുന്നതിനു മുമ്പുതന്നെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഈ പഞ്ചായത്തിലെ ഇന്നത്തെ നിവാസികളില്‍ ഭൂരിഭാഗവും. അക്കാലത്തു വന്‍കിടജന്മിമാര്‍ അധികം ഉണ്ടായിരുന്നില്ല. ചെറുകിടകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു ജനങ്ങളില്‍ ഭൂരിഭാഗവും. ഏറ്റവും പുരാതനമായ വലഞ്ചുഴി ദേവീക്ഷേത്രത്തിനോടനുബന്ധിച്ച് പ്രാചീന നാടന്‍കലകളായ പടയണി, കോലം, പാക്കനാര്‍കളി തുടങ്ങിയവ ഇന്നും നിലനില്‍ക്കുന്നു.
പ്രമാടം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 37.1 ചതുരശ്രകിലോമീറ്ററാണ്. പുരാതനകാലം മുതല്‍ ഇവിടെ മേല്‍ജാതികുടുംബങ്ങള്‍ താമസിച്ചിരുന്നു. അതിലെവിടെയോ ഉണ്ണി പിറന്ന മഠം, പിറമഠമെന്നും ക്രമേണ പ്രമാടമെന്നും വിളിക്കപ്പെട്ടതാണ് പില്‍ക്കാലത്ത് സ്ഥലനാമമായതെന്ന് നാട്ടുമൊഴി. പഞ്ചായത്തിലെ കുലശേഖരപ്പേട്ട എന്ന സ്ഥലം പണ്ട് രാജസ്ഥാനമായിരുന്നു. കുലശേഖരപതിയുടെ മല്ലന്മാര്‍ താമസിച്ചിരുന്നയിടം മല്ലശ്ശേരിയായി. ശിവന്‍ ഇളകൊണ്ടിരുന്നിടം ഇളകൊള്ളൂര്‍ ആയി എന്നും പറയപ്പെടുന്നു. കൊളോണിയല്‍ ഭരണത്തില്‍ നിന്നും നാട് മോചിതമാകുന്നതിനു മുമ്പുതന്ന നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജനങ്ങളാണ് ഈ പഞ്ചായത്തിലെ നിവാസികളില്‍ ഭൂരിഭാഗവും. ഇന്നത്തെപ്പോലെ വിദ്യാഭ്യാസവും അതുവഴി സംസ്കാരികപുരോഗതിയും കൈവരിച്ചവരായിരുന്നില്ല അന്നിവിടെ കുടിയേറിപ്പാര്‍ത്തവര്‍. പഞ്ചായത്തിന്റെ 20%-ത്തോളം വരുന്ന സമതലപ്രദേശങ്ങളില്‍ മാത്രമാണ് 1925-ന് മുമ്പുവരെ ജനവാസം ഉണ്ടായിരുന്നത്. 1930-കള്‍ വരെ ഈ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തരിശായിരുന്നു. പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും വന്ന ആളുകള്‍ ഭൂമി കൈവശപ്പെടുത്തി, പട്ടയം നേടി കൃഷി ചെയ്യുകയായിരുന്നു. മലകളും കുന്നുകളും ഉയര്‍ന്ന പാറക്കെട്ടുകളും നിമ്നോന്നതങ്ങളായ ഭൂപ്രദേശങ്ങളും കൊണ്ടു നിറഞ്ഞ പ്രമാടം പഞ്ചായത്ത് പ്രസിദ്ധമായ അച്ചന്‍കോവിലാറിന്റെ തെക്കും കിഴക്കുമായി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയെ 12 കിലോമീറ്റര്‍ ചുറ്റി നദി ഒഴുകുന്നു. പഞ്ചായത്തിന്റെ പൊതുവായ കിടപ്പ് കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണെന്നു പറയാം.